Kerala
പരവൂർ: ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകൾ നിർണയിക്കുന്ന രീതി ‘ട്രേഡ് സീക്രട്ട് ’ ആണെന്നും അതിനാൽ ഇത് വെളിപ്പെടുത്താനാകില്ലെന്നും ഇന്ത്യൻ റെയിൽവേ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ റെയിൽവേ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
നിരക്കുകൾ കണക്കാക്കുന്ന രീതി ‘വ്യാപാര രഹസ്യവും’ വാണിജ്യ വിശ്വാസ്യതയുമുള്ള കാര്യവുമാണെന്നാണ് റെയിൽവേ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. നിരക്ക് ഈടാക്കുന്നത് ക്ലാസ് അടിസ്ഥാനമാക്കിയാണ്.
വ്യത്യസ്ത ക്ലാസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നിരക്കുകളിൽ വ്യത്യാസം ഉണ്ടാകുക സ്വാഭാവികമാണെന്നും റെയിൽവേ ബോർഡ് മറുപടിയിൽ വ്യക്തമാക്കുന്നു.എന്നിരുന്നാലും വ്യത്യസ്ത ക്ലാസുകളിലെ നിരക്ക് നിശ്ചയിക്കലും വർഗീകരണവും വ്യാപാര രഹസ്യം, ബൗദ്ധിക സ്വത്തവകാശം എന്നിവയുടെ മേഖലയിലാണ് വരുന്നതെന്നും മറുപടിയിൽ റെയിൽവേ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം ഇക്കാര്യം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് റെയിൽവേയുടെ വാദം.
മാത്രമല്ല സർക്കാർ സ്ഥാപനം എന്ന നിലയിൽ ലഭിക്കുന്ന ലാഭം സാധാരണക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് റെയിൽവേ അത് വിനിയോഗിക്കുന്നത്. സ്വകാര്യ സംരംഭങ്ങളുടെ കാര്യത്തിലെന്നപോലെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ലാഭം കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നും മന്ത്രാലയം മറുപടിയിൽ ചൂണ്ടിക്കാട്ടി.
Kerala
പരവൂർ: ട്രെയിനുകളിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ നൽകിയ മറുപടി റിപ്പോർട്ട് അപൂർണവും സുതാര്യതയില്ലാത്തതുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാ അധികാരികളിൽ നിന്നുമുള്ള വിശദമായ പ്രതികരണങ്ങൾ അടങ്ങിയ റിപ്പോർട്ട് നാല് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കമ്മീഷൻ റെയിൽവേയോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ റെയിൽവേ മാംസാഹാരത്തിൽ ഹലാൽ സംസ്കരിച്ച മാസം മാത്രമേ വിളമ്പുന്നുള്ളൂ എന്ന പരാതിയാണ് യാത്രക്കാരിൽ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. തുടർന്നാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ റെയിൽവേ ബോർഡിന് നോട്ടീസ് നൽകിയത്.
ട്രെയിനുകളിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷണം വിൽക്കുന്നതിനോ വിളമ്പുന്നതിനോ ഔദ്യോഗികമായ വ്യവസ്ഥകൾ ഒന്നുമില്ലന്നാണ് റെയിൽവേ മന്ത്രാലയം കമ്മീഷനെ മറുപടിയായി അറിയിച്ചത്. ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയും അവരുടെ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറ്റി ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നതായും റെയിൽവേയുടെ മറുപടിയിൽ ചൂണ്ടിക്കാട്ടി.
മാത്രമല്ല ഹലാൽ സാക്ഷ്യപ്പെടുത്തിയ ഒരു ഭക്ഷണവും ഇന്ത്യൻ റെയിൽവേ ഒരിടത്തും വിളമ്പുന്നില്ലന്നും റെയിൽവേ പറയുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ ഒരു രേഖകളും വ്യവസ്ഥകളും ഐആർസിടിസിയുടെ ഭാഗത്ത് ഇല്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇതേ തുടർന്നാണ് റെയിൽവേയുടെ റിപ്പോർട്ട് അപൂർണമാണെന്ന കമ്മീഷൻ വിലയിരുത്തൽ.
യാത്രക്കാരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇത്തരം നിലപാടുകൾ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും കമ്മീഷൻ വിലയിരുത്തുന്നു. മാത്രമല്ല വ്യക്തികൾക്ക് അവർ എന്താണ് കഴിക്കുന്നത് എന്നറിയാനുള്ള അവകാശം ഉണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
ഇത്തരത്തിൽ നിരവധി ആശങ്കകൾ ബാക്കി നിൽക്കുന്നതിനാൽ റെയിൽവേയുടെ മറുപടിയിൽ കമ്മീഷൻ ഒട്ടും തൃപ്തരല്ല. ഈ സാഹചര്യത്തിലാണ് കമ്മീഷൻ റെയിൽ മന്ത്രാലയത്തോട് കൃത്യതയാർന്ന മറുപടി ആവശ്യപ്പെടുന്നത്. ഹലാൽ ഭക്ഷണ വിതരണം സംബന്ധിച്ച് ചില യാത്രക്കാർ വിവരാവകാശ നിയമപ്രകാരം മറുപടി ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെ ലഭിച്ച മറുപടികളും കമ്മീഷൻ വിശദമായി പരിശോധിച്ചു. അതും അപൂർണമാണെന്ന നിഗമനത്തിലാണ് കമ്മീഷൻ എത്തിച്ചേർന്നിട്ടുള്ളത്.
National
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമബംഗാളിനാണു പ്രഥമ പരിഗണന നല്‍കിയത്. ഏഴു സര്‍വീസുകളാണ് ഇവിടേക്ക് അനുവദിച്ചത്.
ആസാമില്‍നിന്ന് രണ്ടു സര്‍വീസുകളും നടത്തും. ഈ ട്രെയിനുകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും.
കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില്‍നിന്ന് നാഗര്‍കോവില്‍, തിരുച്ചിറപ്പള്ളി, ബംഗളൂരു, മുംബൈ, താംബരം, ബനാറസ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണു സര്‍വീസുകള്‍. ആസാമിലെ ഗോഹട്ടിയില്‍നിന്ന് റോഹ്തക്, ലക്നോ എന്നിവിടങ്ങളിലേക്കാണു സര്‍വീസ്. അമൃത് ഭാരത് എക്സ്പ്രസിലെ എല്ലാ കോച്ചുകളും നോണ്‍ എസിയാണ്.
2023ലാണ് അമൃത് ഭാരത് ട്രെയിനുകൾ റെയിൽവേ പുറത്തിറക്കിയത്. ഇതിനോടകം 30 ട്രെയിനുകൾ സർവീസ് ആരംഭിച്ചുകഴിഞ്ഞു.
ആസാം, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് ഈ പുതിയ റൂട്ടുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഉത്സവസീസണുകളിലും തിരക്കേറിയ സമയങ്ങളിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച് മിതമായ നിരക്കില്‍ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുകയാണ് ഈ ട്രെയിനുകള്‍ വഴി ലക്ഷ്യമിടുന്നത്.
ജോലി, വിദ്യാഭ്യാസം, കുടുംബ ആവശ്യങ്ങള്‍ എന്നിവയ്ക്കായി വിവിധ സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇതു വലിയ ആശ്വാസമാകുമെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗോഹട്ടി (കാമാഖ്യ)-റോഹ്തക്, ദിബ്രുഗഡ്-ലക്നോ (ഗോമതി നഗര്‍), ന്യൂ ജല്‍പായ്ഗുരി-നാഗര്‍കോവില്‍, ന്യൂ ജല്‍പായ്ഗുരി-തിരുച്ചിറപ്പള്ളി, ആലിപുര്‍ദ്വാര്‍-എസ്എംവിടി ബംഗളൂരു, ആലിപുര്‍ദ്വാര്‍-മുംബൈ (പന്‍വേല്‍), കോല്‍ക്കത്ത (സന്ത്രാഗച്ചി)-താംബരം, കോല്‍ക്കത്ത (ഹൗറ) - ആനന്ദ് വിഹാര്‍ ടെര്‍മിനൽ, കോല്‍ക്കത്ത (സിയാൽഡ) - ബനാറസ് എന്നീ റൂട്ടുകളിലാണ് സർവീസുകൾ.
Kerala
പരവൂർ: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.
തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോപ്പുകൾ ഉടൻ പ്രാബല്യത്തിലാകുമെന്നാണ് വിവരം. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു. നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും. മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിർത്തും. തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
നാഗർകോവിൽ - ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിൽ നിർത്തും. ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്: ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തും.
തൃശൂർ - കണ്ണൂർ എക്സ്പ്രസ്: കണ്ണൂർ സൗത്ത് സ്റ്റേഷനിൽ നിർത്തും. പുനലൂർ-മധുരൈ എക്സ്പ്രസ്: ബാലരാമപുരം സ്റ്റേഷനിലും നിർത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ്: കിളികൊല്ലൂർ സ്റ്റേഷനിൽ നിർത്തും.
തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) - ഭാവ്നഗർ എക്സ്പ്രസ്, 22149, 22150 എറണാകുളം-പുണെ എക്സ്പ്രസ് എന്നിവ വടകര സ്റ്റേഷനിൽ നിർത്തും.
എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും. ഹിസാർ-കോയമ്പത്തൂർ എക്സ്പ്രസ് തിരൂർ സ്റ്റേഷനിൽ നിർത്തും. ചെന്നൈ സെൻട്രൽ - പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തും. നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്റ്റേഷനിൽ നിർത്തുമെന്നും അറിയിപ്പിൽ പറയുന്നു.
Kerala
പരവൂർ: ട്രെയിനുകൾക്ക് നേരേ യുള്ള കല്ലേറ് വ്യാപകമായതിനെ തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കരുതൽ നടപടികൾ സ്വീകരിച്ചു.
റെയിൽവേ ട്രാക്കിന് സമീപം സാമൂഹ്യ വിരുദ്ധ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ട്രാക്കിന് സമീപമുള്ള പോസ്റ്റുകൾ, സൈൻ ബോർഡുകളിലെ നമ്പറുകൾ റെയിൽവേ പോലീസിന് കൈമാറാൻ യാത്രക്കാർക്ക് നിർദേശം നൽകി.
കല്ലേറ് പോലുള്ള അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പലപ്പോഴും പ്രതികളെ കണ്ടെത്താൻ കാലതാമസം നേരിടുന്നത്.
ട്രാക്കിനു സമീപം ഓരോ നൂറുമീറ്റർ അകലത്തിലും വെള്ളയിൽ കറുപ്പ് അക്ഷരത്തിൽ കൃത്യമായി ദൂരം അടയാളപ്പെടുത്തിയ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ അക്കങ്ങൾ കൃത്യമായി സ്ഥലം കണ്ടെത്താൻ പോലീസിനെ സഹായിക്കും. അതുകൊണ്ട് യാത്രയിൽ സംശയാസ്പദമായത് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കുറ്റിയിൽ അടയാളപ്പെടുത്തിയ പ്രസ്തുത നമ്പറുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാസേനയ്ക്ക് കൈമാറണമെന്നുമാണ് യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
കുട്ടികൾ ട്രാക്കിൽ നാണയവും മെറ്റൽ കഷണങ്ങളും വയ്ക്കുന്നതായി പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുമൂലം ഉണ്ടാകുന്ന ഗൗരവകരമായ അനന്തരഫലങ്ങളെക്കുറിച്ച് വീടുകളിലും സ്കൂളുകളിലും ബോധവത്കരണം നടത്തണമെന്നും റെയിൽവേ പോലീസ് അഭ്യർഥിച്ചു.
റെയിൽവേ ഭൂമിയിൽ അതിക്രമിച്ച് കടക്കുന്നതും ട്രാക്കിലും പരിസരത്തും ലഹരിപദാർഥങ്ങളുടെ ഉപയോഗവും, പൊതുമുതൽ നശിപ്പിക്കുന്നതും രാജ്യദ്രോഹകുറ്റമായാണ് കണക്കാക്കുന്നത്. ട്രാക്കിലൂടെയുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പരിപൂർണ പിന്തുണയും ആർപിഎഫ് തേടിയിട്ടുണ്ട്.
പതിവായി കല്ലേറ് റിപ്പോർട്ട് ചെയ്യുന്ന കൊല്ലം-പെരിനാട് സെക്ഷനിൽ ട്രാക്കിനു സമീപം സംശയം തോന്നുന്ന വിധം കുട്ടികളെയോ മറ്റ് സാമൂഹ്യ വിരുദ്ധരുടെയോ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും അതിലൂടെ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അനിഷ്ട സംഭവങ്ങൾക്കെതിരേ പ്രതിരോധം കടുപ്പിക്കാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് ആർപിഎഫും യാത്രക്കാരും.
16605 തിരുവനന്തപുരം- ഏറനാട്, 12075 ജനശതാബ്ദി, 66315 കോട്ടയം- കൊല്ലം മെമു, നാഗർകോവിൽ- കോട്ടയം എക്സ്പ്രസ്, ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി, മധുര- ഗുരുവായൂർ ട്രെയിനുകളിൽ പതിവായി ഈ സെക്ഷനിൽ കല്ലേറ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും റെയിൽവേ അറിയിച്ചു.
ജാഗ്രത പുലർത്തുന്നതിനോടൊപ്പം സാമൂഹ്യ വിരുദ്ധശല്യം പൂർണമായും ഒഴിവാക്കുന്നതിന് ആർ പിഎഫ് ഹെല്പ് ലൈൻ നമ്പറിൽ (9846 200 100) വിവരങ്ങൾ കൈമാറണമെന്നും യാത്രക്കാരോട് റെയിൽവേ അഭ്യർഥിച്ചു.
Kerala
പരവൂർ: സംസ്ഥാനത്ത് ഇന്നു മുതൽ ഫെബ്രുവരി ആദ്യവാരം വരെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസിൽ മാറ്റമുണ്ടാകുമെന്നു പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു.
ഈ കാലയളവിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകൾക്ക് ആരംഭ സ്റ്റേഷനുകളിൽ മാറ്റം വരുത്തുകയും ചെയ്യും. കൂടാതെ പല ട്രെയിനുകളും 40 മുതൽ 50 മിനിറ്റ് വരെ വൈകിയോടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളുടെ പരിധിയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് റയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
കൊല്ലം–മച്ചലിപട്ടണം സ്പെഷൽ (07104), കൊല്ലം–നരസപുർ സ്പെഷൽ (07106), തിരുവനന്തപുരം–ഹസ്രത്ത് നിസാമുദീൻ സൂപ്പർഫാസ്റ്റ് (22633), ഹസ്രത്ത് നിസാമുദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618), മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638), രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) എന്നിവ നിശ്ചിത ദിവസങ്ങളിൽ വൈകിയോടാൻ സാധ്യതയുള്ള ട്രെയിനുകളുടെ പട്ടികയിലാണ്.
ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകൾ:
ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് (16307): 14, 21, 28, ഫെബ്രുവരി നാല് തീയതികളിൽ ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് കോഴിക്കോട് സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (12081) കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും.
കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ (56603): 21ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് യാത്ര അവസാനിപ്പിക്കും.
നിലമ്പൂർ റോഡ്–കോട്ടയം എക്സ്പ്രസ് (16325): ജനുവരി 10, 20, 29 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും.
ആരംഭ സ്റ്റേഷനിൽ മാറ്റമുള്ള ട്രെയിനുകൾ:
പാലക്കാട്–നിലമ്പൂർ റോഡ് പാസഞ്ചർ (56607): ജനുവരി 11, 18, 26, 27 തീയതികളിൽ രാവിലെ 6.32ന് ലക്കിടി സ്റ്റേഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക.
പാലക്കാട്–എറണാകുളം മെമു (66609): ജനുവരി 26ന് രാവിലെ 7.57ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
Kerala
തിരുവനന്തപുരം: വന്ദേഭാരതിൽ യാത്ര ചെയ്തിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശി അഭിരാം (26) ആണ് ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. വന്ദേഭാരത് ട്രെയിനില്‍ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു അഭിരാം.
അഭിരാം നേരത്തെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
National
പരവൂർ: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് വേഗകുതിപ്പിൽ വീണ്ടും വിജയം. കഴിഞ്ഞ ദിവസം നടന്ന രണ്ടാംഘട്ട പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത്തിലാണ് കുതിച്ചത്. യാത്രയ്ക്കിടയിൽ 182 കിലോമീറ്റർ വേഗത വരെ ട്രെയിൻ കൈവരിച്ചു. കുപ്പികളിൽ വെള്ളം നിറച്ച് വച്ചുള്ള യാത്രാ പരിശോധനയിലും റൈഡ് സ്ഥിരതയും സ്ഥിരീകരിച്ചു.
ഇവ രണ്ടും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി പാഡഡ് ബർത്തുകൾ ഉൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ഉള്ള വന്ദേ ഭാരത് സ്ലീപ്പർ 2026-ന്റെ ആദ്യ മാസങ്ങളിൽ തന്നെ ട്രാക്കിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ കോട്ട -നാഗ്ദ സെക്ഷനിൽ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്ററിലധികം കൈവരിച്ചത്. രാജ്യത്തെ വേഗത്തിലുള്ള യാത്രയുടെ ഒരു സുപ്രധാന നിമിഷമായാണ് ഇതിനെ റെയിൽവേ മന്ത്രാലയം വിശേഷിപ്പിച്ചിട്ടുള്ളത്.
ട്രെയിനിന്റെ സ്ഥിരതയും സാങ്കേതിക സവിശേഷതകളും പ്രദർശിപ്പിക്കുന്നതിനായി ജല പരിശോധനയുടേത് അടക്കമുള്ള സ്പീഡ് ടെസ്റ്റിന്റെ വീഡിയോ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവക്കുകയും ചെയ്തു.
റെയിൽവേ സേഫ്റ്റി കമ്മീഷണറും വന്ദേ ഭാരത് സ്ലീപ്പറിന്റെ പരീക്ഷണ ഓട്ടം സസൂക്ഷ്മം നിരീക്ഷിച്ചു. ഈ പുതിയ തലമുറ ട്രെയിനിന്റെ സാങ്കേതിക സവിശേഷതകൾ ഞങ്ങളുടെ സ്വന്തം ജലപരിശോധനയിൽ തെളിയുകയുമുണ്ടായെന്നും മന്ത്രി എക്സിലെ പോസ്റ്റിൽ വിശദീകരിച്ചു.
ഇന്ത്യൻ റെയിൽവേ അതിന്റെ പ്രധാന റൂട്ടുകളിൽ 160-180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ തദ്ദേശീയമായി നിർമിക്കുന്ന കൂടുതൽ വന്ദേഭാരത് ഫ്ലീറ്റുകൾ വികസിപ്പിക്കുകയാണ്.
റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, യാത്രക്കാരുടെ സുഖ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പരമ്പരാഗത ദീർഘദൂര യാത്രകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ഈ സമീപനത്തിന്റെ ലക്ഷ്യമെന്ന് റെയിൽ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ഇന്ത്യൻ റെയിൽവെ ശൃംഖലയിൽ ഉടനീളം 164 വന്ദേ ഭാരത ഹൈ സ്പീഡ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി ഓടിത്തുടങ്ങുന്നതോടെ ഈ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
മുകളിലെ ബർത്തുകളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം, തദ്ദേശീയ കവച് ആന്റി കൊളിഷൻ പ്രൊട്ടക്ഷൻ സാങ്കേതികവിദ്യ പോലുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ അടക്കം നിരവധി സവിശേഷതകൾ വന്ദേ ഭാരത് സ്ലീപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി റീജനറേറ്റീവ് ബ്രേക്കിംഗും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.കൂടാതെ വായുവിന്റെ ഗുണ നിലവാരവും സ്ഥിരമായ ഇന്റീരിയർ താപനിലയും നിലനിർത്തുന്നതിന് ഓട്ടോമാറ്റിക് കണക്ടിംഗ് വാതിലുകളുള്ള പൂർണമായും അടച്ച ഇടനാഴികളും ഈ ട്രെയിനിൽ ഉണ്ട്.
Kerala
ന്യൂഡൽഹി: കൊച്ചി ഉൾപ്പെടെയുള്ള 48 പ്രധാന നഗരങ്ങളിലെ ട്രെയിൻ ശേഷി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി റെയിൽവേ.
വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുക, തിരക്ക് ലഘൂകരിക്കുക, രാജ്യവ്യാപകമായ കണക്ടിവിറ്റി ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഈ നഗരങ്ങളിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ എണ്ണം 2030ഓടെ ഇരട്ടിയാക്കാനാണു ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി അധിക പ്ലാറ്റ്ഫോമുകൾ, സ്റ്റെബിലിംഗ് ലൈനുകൾ, പിറ്റ് ലൈനുകൾ, മതിയായ ഷണ്ടിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി നിലവിലുള്ള ടെർമിനലുകളുടെ ശേഷി വർധിപ്പിക്കും. നഗരപ്രദേശത്തും പരിസരത്തും പുതിയ ടെർമിനലുകൾ, മെഗാ കോച്ചിംഗ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള പരിപാലന സൗകര്യങ്ങൾ, ഗതാഗതസൗകര്യ പ്രവർത്തനങ്ങൾ, സിഗ്നലിംഗ് നവീകരണം, സെക്ഷണൽ ശേഷി വർധിപ്പിക്കൽ എന്നിവയും നടപ്പാക്കും.
48 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽനിന്നു കൊച്ചി മാത്രമാണ് ഇടംപിടിച്ചതെങ്കിലും കൊച്ചിയിലെ എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളും തൃപ്പൂണിത്തുറ സ്റ്റേഷനും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.
Kerala
പരവൂർ: ദക്ഷിണ റെയിൽവേ അവരുടെ മൂന്ന് കോച്ചിംഗ് ടെർമിനലുകൾ വികസിപ്പിക്കുന്നു. ചെന്നൈ, കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിലാണ് വികസനം നടപ്പിലാക്കുന്നത്. വർധിച്ചു വരുന്ന യാത്രാ ആവശ്യകത നിറവേറ്റുന്നതിനും തിരക്ക് കുറയ്ക്കുന്നിതിനും രാജ്യവ്യാപക കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനുമാണ് കോച്ചിംഗ് ടെർമിനലുകളുടെ വിപുലീകരണം വഴി ലക്ഷ്യമിടുന്നത്.
ഈ മൂന്ന് സ്റ്റേഷനുകളിൽ നിന്ന് പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിനുള്ള ശേഷി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനാണ് തീരുമാനം. വരും വർഷങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മൂന്നിടത്തും ഘട്ടം ഘട്ടമായും സമയബന്ധിതമായും മെച്ചപ്പെടുത്താൻ ഇതിനകം പദ്ധതികൾ ആവിഷ്കരിച്ച് കഴിഞ്ഞു.
2030 ഓടെ ഇവിടങ്ങളിൽ നിന്ന് ട്രെയിനുകൾ ആരംഭിക്കുന്നതിനുള്ള ശേഷി ഇരട്ടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നിലവിലുള ടെർമിനലുകളിൽ അധിക പ്ലാറ്റ്ഫോമുകൾ, സ്റ്റേബ്ലിംഗ് ലൈനുകൾ, പിറ്റ് ലൈനുകൾ, ആവശ്യത്തിന് ഷണ്ടിംഗ് സൗകര്യങ്ങൾ എന്നിവ കൂട്ടിച്ചേർക്കും. ഇത് കൂടാതെ നഗര പ്രദേശങ്ങളിലും പരിസരങ്ങളിലും പുതിയ ടെർമിനലുകൾ കണ്ടെത്തി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
മെഗാ കോച്ചിംഗ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള പരിപാലന സൗകര്യങ്ങളും ഏർപ്പെടുത്തും. വർധിക്കുന്ന ട്രെയിനുകളെ കൈകാര്യം ചെയ്യുന്നതിന് വിവിധ പോയിന്റുകളിൽ ആവശ്യമായ ട്രാഫിക് സൗകര്യങ്ങളും സിഗ്നലിംഗ് നവീകരണവും ഏർപ്പെടുത്തും. കൂടാതെ മൾട്ടി ട്രാക്കിംഗ് സംവിധാനത്തിലൂടെ സെക്ഷണൽ ശേഷിയും വർധിപ്പിക്കും.
ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും സംയോജിപ്പിച്ചായിരിക്കും എല്ലാ വിപുലീകരണ പ്രവർത്തികളും പൂർത്തീകരിക്കുക. രാജ്യവ്യാപകമായ കണക്ടിവിറ്റി വർധിപ്പിക്കുക എന്നതാണ് ടെർമിനലുകളുടെ വിപുലീകരണത്തിന്റെ ആത്യന്തിക ലക്ഷ്യം. സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കുമ്പോൾ ഇത് തുല്യമായി സന്തുലിതമാക്കുന്നതിന ടെർമിനലുകൾക്ക് ചുറ്റുമള്ള സ്റ്റേഷനുകളെയും പരിഗണിക്കണമെന്ന് റെയിൽ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
നവീകരണ പദ്ധതി നടപടികളെ അടിയന്തിരം, ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം കൃത്യമായ സമയ പരിധികളും നിശ്ചയിച്ചിട്ടുണ്ട്. ടെർമിനലുകളുടെ ശേഷി വർധിപ്പിക്കുക മാത്രമല്ല കൂടാതെ സെക്ഷനുകളുടെ ശേഷിയും വർധിപ്പിക്കും.
ഇതിനൊപ്പം സ്റ്റേഷനുകളിലെയും യാർഡുകളിലെയും പ്രവർത്തനപരമായി നിലനിൽക്കുന്ന പ്രവർത്തനപരമായ തടസങ്ങളും ഫലപ്രദമായി പരിഹരിക്കപ്പെടുമെന്ന് കൂടി ഉറപ്പാക്കും. എറണാകുളത്തെ പുനർവികസനവും നവീകരണവും മൊത്തം 150.28 കോടി രൂപ ചെലവിൽ രണ്ട് ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
നിർമാണ സമയത്ത് തടസമില്ലാത്ത യാത്ര ഉറപ്പാക്കാനാണ് ഘട്ടം തിരിച്ചുള്ള ആസൂത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സ്റ്റേഷൻ ഏരിയയുടെ തെക്ക് ഭാഗത്ത് ഒന്നാംഘട്ട പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ജോലികൾ എളുപ്പമാക്കാൻ സ്റ്റാഫ് ക്വാർട്ടേഴ്സ്, പാഴ്സൽ ഓഫീസ്, ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ റൂം, സബ് സ്റ്റേഷൻ തുടങ്ങി നിലവിലുള്ള സുപ്രധാന സൗകര്യങ്ങൾ എല്ലാം മാറ്റിസ്ഥാപിച്ച് കഴിഞ്ഞു.
Kerala
പരവൂർ: രാജ്യത്ത് ഏഴ് മാസത്തിനിടെ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 17.61 കോടിയുടെ വർധന. റെയിൽ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതിന്റെ കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്.
യാത്രക്കാരുടെ എണ്ണം കൂടിയപ്പോൾ വരുമാനവും 94,927 കോടി രൂപയായി ഉയർന്നു. 2025 ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് ട്രെയിൻ യാത്രക്കാരുടെ എണ്ണം ഇത്രയും കൂടിയത്.
ഇന്ത്യൻ റെയിൽവേ രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 12,617 ആണ്. കഴിഞ്ഞ വർഷം ഏപ്രിൽ ആദ്യം മുതൽ ഒക്ടോബർ അവസാനം വരെ 425.41 കോടി പേർ യാത്ര ചെയ്തതായാണ് കണക്കുകളിൽ പറയുന്നത്.
അതേസമയം ഈ വർഷം ഇതേ കാലയളവിൽ 443.02 കോടി ആൾക്കാരാണ് യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ഒക്ടോബർ 31 വരെ യാത്രാക്കൂലി ഇനത്തിൽ മാത്രം ലഭിച്ചത് 70,693 കോടി രൂപയായിരുന്നു. ഈ വർഷം ഇതേ കാലയളവിലുള്ള ടിക്കറ്റ് വരുമാനം 94,927 കോടി രൂപയായാണ് ഉയർന്നിട്ടുള്ളത്.
വിവിധ ഉത്സവ സീസണുകൾ മുൻകൂട്ടി കണ്ട് കൂടുതൽ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തിയതും കൂടാതെ പ്രതിദിന ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം പരമാവധി കൂട്ടിയതുമാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കാൻ കാരണമായത്.
ട്രെയിൻസ് ഓൺ ഡിമാൻഡ് എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് സ്പെഷൽ ട്രെയിനുകൾ രാജ്യത്താകമാനം ഓടിച്ചത്. ഇതിൽ തന്നെ നല്ലൊരു പങ്കും സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകൾ ആയിരുന്നു. ഇതിലൂടെ പ്രതീക്ഷിച്ചതിലധികം വരുമാനം നേടാൻ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
2025 ജനുവരി മുതൽ ഒക്ടോബർ വരെ 35,000 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ട്രാക്കുകളും സ്ഥാപിച്ചു. ഇതുവഴി പാസഞ്ചർ ട്രെയിനുകളടക്കം നിരവധി ട്രെയിനുകളുടെ സർവീസ് ദീർഘിപ്പിക്കുകയുമുണ്ടായി. ഇങ്ങനെയും യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു.
ഇക്കാലയളവിൽ വിവിധ ഫാക്ടറികളിൽ നിർമിച്ച കോച്ചുകളുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം കോച്ചുകൾ കൂടി ഉപയോഗിച്ചാണ് കൂടുതൽ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേയ്ക്ക് സാധിച്ചത്.
Kerala
പരവൂർ: രാജ്യത്ത് ട്രെയിൻ സമയങ്ങളിൽ 2026 ജനുവരി ഒന്നു മുതൽ മാറ്റം വരുന്നു. 90 ശതമാനം വണ്ടികൾക്കും സമയമാറ്റമുണ്ട്. രണ്ട് മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ചില ട്രെയിനുകൾക്ക് സമയമാറ്റം ഉണ്ട്.
സമയമാറ്റം സംബന്ധിച്ച് ട്രെയിനുകളുടെ പട്ടിക ദക്ഷിണ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. അതേ സമയം ചില സോണുകളിൽ അധികൃതർ ട്രെയിൻ ടൈം ടേബിൾ മാറ്റം അറിയിച്ചിട്ടുമുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) സമയമാറ്റം സംബന്ധിച്ച അപ്ഡേഷൻ പുരോഗമിക്കുകയാണ്. ഉത് പൂർണമായാൽ മാത്രമേ പൂർണമായ ചിത്രം വ്യക്തമാകുകയുള്ളൂ.
ഇത് കൂടാതെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിറ്റിസി) വെബ്സൈറ്റിലും സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വരികയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും.
കേരളത്തിലും നിരവധി ദീർഘദൂര ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും സമയമാറ്റം ഉണ്ട്. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, കണ്ണൂർ-തിരുവനതപുരം ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് തുടങ്ങിയവ എല്ലാം സമയമാറ്റമുള്ള ട്രെയിനുകളിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ ചില ട്രെയിനുകൾക്ക് നൽകിയിട്ടുള്ള ബഫർ ടൈമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ചില ട്രെയിനുകൾ നിലവിൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ബഫർ ടൈം അഡ്ജസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾക്ക് സമയമാറ്റം വരുത്തിയിട്ടുണ്ട്.
ട്രെയിനുകൾക്ക് സമയമാറ്റം വരുമ്പോൾ " ട്രെയിൻസ് അറ്റ് എ ഗ്ലാൻസ്' എന്ന പേരിൽ ടൈംടേബിൾ റെയിൽവേ പുസ്തക രൂപത്തിൽ പുറത്തിറക്കിയിരുന്നു. ഇതിന് യാത്രക്കാരിൽ നിന്ന് അധികൃതർ വിലയും ഈടാക്കിയിരുന്നു.
യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ഈ ടൈം ടേബിൾ പുസ്തകം കഴിഞ്ഞ ഏതാനും വർഷങ്ങളായി റെയിൽവേ അച്ചടിക്കാറില്ല. എന്നാൽ ഇതവണ ജനുവരിയിൽ തന്നെ ടൈം ടേബിൾ പ്രസിദ്ധീകരിക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിലെ ഉന്നതർ നൽകുന്ന സൂചനകൾ. റെയിൽവേ ടൈം ടേബിളിന്റെ 46-ാം പതിപ്പാണ് പുറത്തിറക്കുന്നത്.
ഇതിൽ പ്രീമിയം സർവീസുകൾ ഉൾപ്പെടെ പ്രധാന പാസഞ്ചർ ട്രെയിനകളുടെ റൂട്ടുകൾ, സമയങ്ങൾ, റിസർവേഷൻ നടപടിക്രമങ്ങൾ, യാത്രാ നിയമങ്ങൾ-നിയന്ത്രണങ്ങൾ, കാറ്ററിംഗ് സേവനങ്ങളിൽ മെനു അടക്കമുള്ള വിശദാംശങ്ങൾ, ട്രെയിനുകളിലും സ്റ്റേഷനുകളിലും ലഭ്യമാകുന്ന യാത്രാ സൗകര്യങ്ങൾ, റെയിൽ അധിഷ്ഠിത ടൂറിസം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ പുതിയ ടൈം ടേബിൾ പതിപ്പിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം അകത്തുമുറിയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഡ്രൈവർ മദ്യലരിയിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയത്.
അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ പണി നടക്കുന്നതിനാൽ റോഡിൽ നിന്നും വാഹനം ഓടിച്ച് പ്ലാറ്റ്ഫോമിൽ കയറ്റാൻ കഴിയുന്നതാണ്. ഓട്ടോറിക്ഷ ഡ്രൈവർ ഇത്തരത്തിൽ പ്ലാറ്റ്ഫോമിലേക്ക് കയറ്റിയ വാഹനമാണ് അപകടമുണ്ടാക്കിയത്.
ട്രെയിൻ വരുന്പോൾ വാഹനം റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് പ്രതി ഇറങ്ങി ഓടിയതായാണ് ലഭിക്കുന്ന വിവരം. ഇയാൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് ആണ് അപകടത്തിൽപെട്ടത്.
ഓട്ടോറിക്ഷ ട്രാക്കിൽ കണ്ട ലോക്കോ പൈലറ്റ് ഉടൻ വേഗം കുറച്ചു. ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന്
ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടിരുന്നു.
Kerala
പരവൂർ : രാജ്യത്തെ 1731 റെയിൽവേ സ്റ്റേഷനുകൾ സിസിടിവി നിരീക്ഷണത്തിലായി. ഒപ്പം11, 953 കോച്ചുകളിലും സിസിടിവി കാമറകൾ സ്ഥാപിച്ചതായി റെയിൽവേ മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കി.
സുരക്ഷിതമായ യാത്രാ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നിന് കൂടുതൽ സ്റ്റേഷനുകളിലും കോച്ചുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിലവിൽ 250 കാമറകളാണ് പ്രവർത്തിക്കുന്നത്.
എൻട്രി - എക്സിറ്റ് പോയിന്റുകൾ, ഫുട് ഓവർബ്രിഡ്ജുകൾ, പ്ലാറ്റ്ഫോമുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടിക്കറ്റ് കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്ന തരത്തിലുള്ള കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 15ന് ഉണ്ടായ അനിയന്ത്രിതമായ തിരക്കും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും പരിഗണിച്ചാണ് ഇവിടെ ഇത്രയും കൂടുതൽ കാമറകൾ സ്ഥാപിച്ചത്.
യാത്രക്കാരുടെ അപ്രതീക്ഷിതമായ തിരക്ക് ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും സംവിധാനം ഏറെ ഗുണകരമായ സാഹചര്യത്തിൽ എല്ലാ പ്രമുഖ സ്റ്റേഷനുകളിലും സമാനമായ രീതിയിൽ കാമറകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാനും റെയിൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്ത് നിലവിൽ 6117 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ - ഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.യാത്രക്കാരുടെ കണക്ടിവിറ്റി വർധിപ്പിക്കുന്ന കാര്യത്തിൽ ഇതൊരു ഡിജിറ്റൽ നാഴികക്കല്ലാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.അധിക ബജറ്റ് തുക ആവശ്യമില്ലാത്തതിനാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ ആക്സസ് ലഭ്യമാക്കാനാണ് റെയിൽവേ ലക്ഷ്യമിട്ടിരിക്കുന്നത്.
തിരക്കേറിയ മെട്രോ സ്റ്റേഷനുകൾ മുതൽ വിദൂര ഔട്ട് പോസ്റ്റുകൾ വരെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വരെ ഇപ്പോൾ ദശക്ഷേക്കണക്കിന് ദൈനംദിന യാത്രക്കാർ ഈ സൗജന്യ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. റെയിൽ അധിഷ്ഠിത പൊതു ഇന്റർനെറ്റ് ആക്സസിൽ ഇത് ഇന്ത്യൻ റെയിൽവേയെ ലോകത്ത് മുൻപന്തിയിൽ എത്തിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
Kerala
പരവൂർ: ഇന്ത്യൻ റെയിൽവേയുടെ മുഴുവൻ ബ്രോഡ്ഗേജ് ലൈനുകളുടെയും വൈദ്യുതീകരണം അന്തിമ ഘട്ടത്തിലേക്ക്.റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കുകൾ പ്രകാരം 99 ശതമാനത്തിലധികം ബ്രോഡ്ഗേജ് പാതകളുടെയും വൈദ്യുതികരണം പൂർത്തിയായി കഴിഞ്ഞു. ശേഷിക്കുന്ന സ്ട്രെച്ചുകളുടെ ഇലക്ട്രിഫിക്കേഷൻ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വൈദ്യുതീകരണം സമ്പൂർണമാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ആറു വർഷത്തിൽ വൈദ്യുതീകരണ ജോലികളുടെ വേഗം അസാധാരണമാംവിധം റെയിൽവേ വർധിപ്പിച്ചിരുന്നു.2019 നും 2025 നും മധ്യേ ഇന്ത്യൻ റെയിൽവേക്ക് 33,000 കിലോമീറ്ററിലധികം ബ്രോഡ്ഗേജ് പാത വൈദ്യുതീകരിക്കാൻ സാധിച്ചു. ഇക്കാലയളവിൽ പലയിടത്തും പ്രതിദിനം 15 കിലോമീറ്ററിലധികം ദൂരത്തിൽ ഇലക്ട്രിഫിക്കേഷൻ നടത്തുകയുമുണ്ടായി. ഈ കാലയളവിൽ മാത്രം വൈദ്യുതീകരിച്ച ബ്രോഡ്ഗേജ് പാതയുടെ ആകെ ദൂരം ജർമനിയുടെ മുഴുവൻ റെയിൽവേ ശൃംഖലയ്ക്കും തുല്യമാണ്.
ഇന്ത്യൻ റെയിൽവേയുടെ ട്രാക്ഷൻ വികസനത്തിന്റെ കാര്യക്ഷമതയും വ്യാപ്തിയും എടുത്തുകാട്ടുന്നതാണ് ഈ നേട്ടമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ ബ്രോഡ്ഗേജ് റെയിൽ ശൃംഖല ഏതാണ്ട് പൂർണമായും വൈദ്യുതീകരിച്ച് കഴിഞ്ഞു എന്ന് വേണമെങ്കിൽ വിവക്ഷിക്കാം.
25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 99.2 ശതമാനം വൈദ്യുതീകരണ കവറേജാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്. നൂറ്റാണ്ടുകളായി റെയിൽവേ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുള്ള ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ഈ നേട്ടം വേറിട്ടതാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലുതും തിരക്കേറിയതുമായ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേയുടേത്. മുഴുവൻ ബ്രോഡ്ഗേജ് പാതയും വൈദ്യുതീകരിക്കാൻ കഴിയുന്നതോടെ ഡീസലിന്റെ ഉപഭോഗവും പ്രവർത്തന ചെലവും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിന്റെ പ്രതീക്ഷ. മാത്രമല്ല ട്രെയിൻ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വേഗതയും ഇതുവഴി ഗണ്യമായി മെച്ചപ്പെടുത്താനും സാധിക്കും. അവസാന ഘട്ട വൈദ്യുതീകരണം കൂടി പൂർത്തിയാകുമ്പോൾ പൂർണമായി വൈദ്യുതീകരിച്ച ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറും.
Kerala
പരവൂർ: തെരത്തെടുത്ത വന്ദേഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ബ്രാൻഡഡ് ഭക്ഷണ സേവനം നൽകുന്നതു പരീക്ഷണ അടിസ്ഥാനത്തിൽ തുടക്കമായി. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്(ഐആർസിടിസി) തന്നെയാണു ഭക്ഷണ വിതരണത്തിന്റെ ചുമതല.
ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തലും യാത്രക്കാരുടെ സംതൃപ്തിയും ലക്ഷ്വമിട്ടുള്ള ഈ പരീക്ഷണത്തിൽ പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന റസ്റ്ററന്റ് ഗുണനിലവാരത്തിലുള്ള മെനുവാണു നൽകുന്നത്.
ട്രെയിനുകളിലെ ഓൺ ബോർഡ് ഭക്ഷണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനു പ്രൂഫ് ഓഫ് കൺസപ്റ്റ് (പിഒസി) എന്ന പേരിലാണ് ഈ ഭക്ഷണ പരീക്ഷണം ആരംഭിച്ചിട്ടുള്ളത്. ഇതുവഴി ബ്രാൻഡഡ് ഫുഡ് ആൻഡ് ബിവറേജ് കമ്പനികൾ, മുന്തിയ റസ്റ്ററന്റ് ശൃംഖലകൾ, ഫ്ലൈറ്റ് കാറ്റർമാർ എന്നിവർ യാത്രക്കാർക്ക് പുതിയതും ശുചിത്വമുള്ളതുമായ ഭക്ഷണം ട്രെയിനുകളിൽ വിതരണം ചെയ്തുതുടങ്ങി.
നിലവിൽ 12 വന്ദേ ഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ഭക്ഷണ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇതിൽ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഉൾപ്പെടും.
തിരുവനന്തപുരം -മംഗലാപുരം, തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസുകളാണ് ഇവ. ഈ രണ്ട് ട്രെയിനുകളിലും പരീക്ഷണ അടിസ്ഥാനത്തിലുള്ള പുതിയ ഭക്ഷണ വിതരണം ഇന്നലെയാണ് തുടങ്ങിയത്.
കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് ആണ് ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഉയർന്ന ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പുക. രാജ്യത്ത് ഉടനീളം വിവിധ ട്രെയിനുകളിലായി പ്രതിദിനം 16.50 ലക്ഷം ഭക്ഷണപ്പൊതികളാണ് ഐആർസിടിസി നിലവിൽ യാത്രക്കാർക്ക് നൽകുന്നത്.
Kerala
പരവൂർ: കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിനുകളിൽ ആധുനികവും വൃത്തിയുള്ളതുമായ കോച്ചുകൾ വേണമെന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാക്കുന്നു.
ഏറ്റവും തിരക്കേറിയ മംഗളൂരു മെയിൽ, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ആലപ്പുഴ സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ ഐസിഎഫ് കോച്ചുകൾ പുതിയ എൽഎച്ച്ബി കോച്ചുകളാക്കി മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ പുറത്തിറക്കി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകൾ പൂർണമായും എൽഎച്ച്ബിയിലേക്കു മാറും.
2026 ഫെബ്രുവരി മുതലാണു കോച്ചുകളിലെ മാറ്റം. മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22638) ട്രെയിൻ ഫെബ്രുവരി ഒന്നിനും ചെന്നൈ-മംഗളൂരു ട്രെയിൻ (22637) ഫെബ്രുവരി നാലിനും ആണ് എൽഎച്ച്ബി കോച്ചുകളിലേക്കു മാറുക.
മംഗളൂരു-ചെന്നൈ മെയിൽ (12602) ഫെബ്രുവരി മൂന്ന് മുതലും ചെന്നൈ-മംഗളൂരു മെയിൽ (2601) നാല് മുതലും എൽഎച്ച്ബിയിൽ ഓടും. ചെന്നൈ-ആലപ്പി (ഫെബ്രുവരി ഒന്ന്), ആലപ്പി-ചെന്നൈ (ഫെബ്രുവരി രണ്ട്), ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (12695-ഫെബ്രുവരി മൂന്ന്), തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് (12696-ഫെബ്രുവരി നാല്) ട്രെയിനുകളും പുതുമോടിയിലാണ് ഓടുക.
പുത്തൻ കോച്ചുകൾക്കൊപ്പം കോച്ചുകളുടെ വിന്യാസത്തിലും മാറ്റങ്ങളുണ്ടാകും. ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ, ചെന്നൈ-മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളിൽ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, അഞ്ച് തേഡ് എസി, ഒമ്പത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകളുണ്ടാകും.
ചെന്നൈ-ആലപ്പി-ചെന്നൈ, ചെന്നൈ-തിരുവനന്തപുരം-ചെന്നൈ എന്നീ ട്രെയിനുകളിൽ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, മൂന്ന് തേഡ് എസി, ഒമ്പത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നിവയാണു കോച്ചുകൾ.
ഈ ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റണമെന്ന മലയാളികളുടെയും യാത്രക്കാരുടെ വിവിധ സംഘടനകളുടെയും ദീർഘകാല ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ അംഗീകാരം നൽകിയിട്ടുള്ളത്.
Kerala
പരവൂർ: വിദ്യാർഥികൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി ചാർട്ട് ട്രെയിൻ അനുവദിച്ച് റെയിൽവേ. കാസർഗോഡ് എൽബിഎസ് എൻജിനീയറിംഗ് കോളേജിൽ ഡിസംബർ 22ന് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ നവ സംരംഭകത്വ ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് - 2025 ൽ പങ്കെടുക്കുന്നവർക്കായി തിരുവനന്തപുരത്തുനിന്നു കാസർഗോഡേക്കും തിരിച്ചും ചാർട്ടേഡ് ട്രെയിൻ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടിക്കായി ചാർട്ടേഡ് ട്രെയിൻ അനുവദിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഡിസംബർ 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെടുന്ന ട്രെയിൻ 22ന് പുലർച്ചെ നാലിന് കാസർഗോഡ് എത്തിച്ചേരും.
അന്നേദിവസം രാത്രി 11.30ന് ട്രെയിൻ തിരുവനന്തപുരത്തേക്കും തിരിക്കും. 23ന് ഉച്ചകഴിഞ്ഞ് 2.30ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടുകൂടി ട്രെയിൻ യാത്ര അവസാനിക്കും. ട്രെയിനിന് കോട്ടയം എറണാകുളം ഷൊർണൂർ കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും.
ഒരു എസി കോച്ചും 17 സ്ലീപ്പർ കോച്ചുകളും ഉൾപ്പെടെ 18 ബോഗികളുള്ള ട്രെയിനിന്റെ ഓരോ ബോഗികളും പ്രത്യേക തീമിന്റെ ഭാഗമായിരിക്കും. പ്രസ്തുത തീമിനനുസരിച്ചുള്ള പാനൽ ഡിസ്കഷനുകളും എക്സ്പെർട്ട് ടോക്കുകളും കലാപരിപാടികൾ ഉൾപ്പെടെ ഇതിന്റെ ഭാഗമായി ട്രെയിനിൽ സംഘടിപ്പിക്കും.
ഐഇഡി സി സമ്മിറ്റ് - 2025-നായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും ഉള്ള ഒരു വലിയ ഇടം കൂടിയാണ് ഇത്തരം ഒരു ചാർട്ടേഡ് ട്രെയിൻ വരുന്നതോടെ സാധ്യമാകുന്നത്.
ഇത് ഐഇഡിസി സമ്മിറ്റുകളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർക്കും. സമ്മിറ്റിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി ഇത്തരമൊരു ട്രെയിൻ സ്പോൺസർ ചെയ്തിരിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷൻ ആണ്. സമ്മിറ്റിന്റെ ടിക്കറ്റുകൾക്കായി www.iedcsummit.in എന്ന വെബ്സെറ്റ് സന്ദർശിക്കുക
Kerala
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര സീസണിൽ യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയ്ൻ സർവീസുകള്‍ പ്രഖ്യാപിച്ചു. 06192 തിരുവനന്തപുരം സെന്‍ട്രല്‍ - ചണ്ഡീഗഡ് വണ്‍-വേ എക്സ്പ്രസ് സ്പെഷല്‍, 06283/06284 മൈസൂരു - തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചത്.
06192 തിരുവനന്തപുരം സെന്‍ട്രല്‍ - ചണ്ഡീഗഡ് വണ്‍വേ എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 10ന് രാവിലെ 7.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം പുലർച്ചെ നാലിന് ചണ്ഡീഗഡില്‍ എത്തിച്ചേരും. കേരളത്തിൽ തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ട്രെയ്നിനു സ്റ്റോപ്പുണ്ടാകും.
06283 മൈസൂരു - തൂത്തുക്കുടി എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 23നും 27നും വൈകിട്ട് 6.35 ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് തൂത്തുക്കുടിയില്‍ എത്തിച്ചേരും. തിരികെ 06284 തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 24നും 28നും ഉച്ചയ്ക്ക് രണ്ടിന് തൂത്തുക്കുടിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.45 ന് മൈസൂരുവില്‍ എത്തിച്ചേരും.
Kerala
കൊല്ലം: ക്രിസ്മസ് അവധിയുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ നാഗർകോവിലിൽ നിന്ന് കേരളം വഴി ഗോവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് അടക്കം 18 സ്റ്റോപ്പുകളുള്ള ഈ പ്രത്യേക ട്രെയിനിന് ഇരു ദിശകളിലേക്കും മൂന്ന് സർവീസുകൾ വീതമാണ് ഉള്ളത്.
നാഗർകോവിൽ-മഡ്ഗാവ് ജംഗ്ഷൻ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ നമ്പർ 06083 ഡിസംബർ 23, 30, ജനുവരി ആറ് തീയതികളിൽ (ചൊവ്വ) രാവിലെ 11.40 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.50 ന് മഡ്ഗാവിൽ എത്തും.
മടക്ക സർവീസായ മഡ്ഗാവ് ജംഗ്ഷൻ-നാഗർകോവിൽ എക്സ്പ്രസ് ഡിസംബർ 24, 31, ജനുവരി ഏഴ് (ബുധൻ) തീയതികളിൽ രാവിലെ 10.15ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.00ന് നാഗർകോവിലിൽ എത്തും.
രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 15 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉണ്ടായിരിക്കും. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Kerala
കോട്ടയം: സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. ഉത്സവ സീസണ് കണക്കിലെടുത്താണ് നടപടി. കോട്ടയംവഴി മൂന്നു പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജംഗ്ഷൻ-മഡ്ഗാവ് സ്പെഷല്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജംഗ്ഷനില്‍ നിന്ന് രാവിലെ 11.40നു പുറപ്പെടും.
അടുത്തദിവസം രാവിലെ 8.50ന് മഡ്ഗാവ് ജംഗ്ഷനില്‍ എത്തിച്ചേരുമെന്ന് അറിയിച്ചു. ഇത് കോട്ടയത്ത് വൈകുന്നേരം 5.30ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജംഗ്ഷന് സ്പെഷല്‍ ഡിസംബര്‍ 24, 31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15ന് മഡ്ഗാവ് ജംഗ്ഷനില്‍നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 11ന് നാഗര്‍കോവില്‍ ജംഗ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് രാവിലെ 3.15ന് എത്തും.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജംഗ്ഷന്-തിരുവനന്തപുരം സ്പെഷല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 20,26 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകുന്നേരം ആറിന് മംഗളൂരു ജംഗ്ഷനില്‍നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരുമെന്നാണ് അറിയിപ്പ്.
മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു ജംഗ്ഷന് പ്രതിവാര എക്സ്പ്രസ് സ്പെഷല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30ന് മംഗളൂരു ജംഗ്ഷനില്‍ എത്തി ചേരും.
ട്രെയിന്‍ നമ്പര്‍ 07117 സിര്‍പൂര്‍ കാഘസ്നഗർ-കൊല്ലം സ്പെഷല്‍ 13ന് രാത്രി 10ന് സിര്‍പൂര്‍ കാഘസ്നഗറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 10ന് കൊല്ലത്ത് എത്തുക. ട്രെയിന്‍ നമ്പര്‍ 07118 കൊല്ലം-ചര്‍ലപ്പള്ളി സ്പെഷല്‍ 15ന് രാവിലെ 2.30ന് കൊല്ലത്തുനിന്നു പുറപ്പെട്ട് അടുത്തദിവസം വെളുപ്പിനെ 12.30നു ചാര്‍ലപ്പള്ളിയില്‍ എത്തുന്നത്.
Kerala
കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു - കൊച്ചുവേളി എക്സ്പ്രസ് പോയശേഷമാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടെത്തിയത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പോലീസില്‍ അറിയിച്ചത്.
ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അതേസമയം, റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവച്ചതാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
Kerala
പരവൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഏക വന്ദേഭാരത് എക്സ്പ്രസിൽ അടുത്ത ഒന്നര മാസത്തേക്കു ടിക്കറ്റ് കിട്ടാനില്ല. ഡിസംബർ ആരംഭിച്ചപ്പോൾ തന്നെ കെഎസ്ആർ ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ക്രിസ്മസ് ദിനവും കഴിഞ്ഞുള്ള ടിക്കറ്റ് ബുക്കിംഗ് പൂർണമായും പൂർത്തിയായി.
ക്രിസ്മസിന് മൂന്ന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് തീർന്നതിനാൽ നിലവിലെ എട്ട് കോച്ച് 16 അല്ലെങ്കിൽ 20 കോച്ചുകൾ ആക്കണമെന്ന ആവശ്യം ശക്തമായി. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20 മുതൽ 25 വരയുള്ള ദിവസങ്ങളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ചെയർകാറിലെ വെയ്റ്റ് ലിസ്റ്റ് നൂറ് കടന്നു.
എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിൽ 28 മുതൽ ജനുവരി 10 വരെയുള്ള ദിവസങ്ങളിലെ ബുക്കിഗും പൂർത്തിയായി. കഴിഞ്ഞ മാസം 11ന് സ്ഥിരം സർവീസ് ആരംഭിച്ച ബെംഗളൂരു-എറണാകുളം വന്ദേഭാരതിൽ ആദ്യദിനം മുതൽ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നിരുന്നു.
കെഎസ്ആർ ബെംഗളൂരു-വന്ദേഭാരത് എക്സ്പ്രസ് (26651) പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50നു എറണാകുളം ജംഗ്ഷനിലെത്തും. എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഉച്ചകഴിഞ്ഞ് (26652) 2.20ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിലെത്തും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
ഒറ്റ റേക്ക് മാത്രം ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. ഏഴ് ചെയർകാറും ഒരു എക്സിക്യുട്ടീവ് ചെയർകാറും ഉൾപ്പെടെയുള്ള വന്ദേഭാരതിൽ 600 പേർക്കേ യാത്ര ചെയ്യാൻ അവസരമുള്ളൂ. 16 കോച്ചുകളായി കൂട്ടിയാൽ ഒരു വശത്തേക്ക് 1,200 പേർക്ക് യാത്ര ചെയ്യാം. ദക്ഷിണ-പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള വന്ദേഭാരത് എക്സ്പ്രസുകളിൽ വരുമാനത്തിലും ഈ ട്രെയിൻ മുന്നിലാണ്.
വന്ദേ ഭാരതിൽ ടിക്കറ്റുകൾ ഇല്ലാതായതോടെ വിമാന ടിക്കറ്റുകൾക്ക് പിന്നാലെയാണ് യാത്രക്കാർ. ക്രിസ്മസ്, പുതുവർഷ അവധി തിരക്കിനെത്തുടർന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ചാർജും കുതിച്ചുയരുകയാണ്. ഡിസംബർ 20 മുതൽ ജനുവരി ആദ്യവാരം വരെ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 15,000-19,000 രൂപവരെയും തിരുവനന്തപുരത്തേക്ക് 11,000-18,000 രൂപയും കോഴിക്കോട്ടേക്ക് 11,000-16,000 രൂപയും കണ്ണൂരിലേക്ക് 10,000-1,2000 രൂപയുമാണ് വിമാന നിരക്ക്. ഇത് ഇനിയും വർധിക്കാൻ ഇടയുണ്ട്.
സ്വകാര്യ ടൂറിസ്റ്റ് ബസ് ഓപ്പറ്റേർമാരും അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ബംഗളുരൂ-എറണാകുളം അല്ലെങ്കിൽ തിരുവനന്തപുരം റൂട്ടിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ സ്പെഷലായി ഓടിച്ചാൽ ഇപ്പോഴത്തെ യാത്രാ ദുരിതത്തിന് ഒരുപരിധി വരെ പരിഹാരിക്കാനാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.
Kerala
പരവൂർ: ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റസ്റ്ററന്റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉൾപ്പെടുത്തിയുള്ള യൂണിഫോമുകൾ നൽകാൻ ഐആർസിറ്റിസി തീരുമാനം. ദീർഘഭൂര ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷ്യവസ്തുക്കൾക്ക് അമിത നിരക്ക് ഈടാക്കുന്ന പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിറ്റിസി) ഈ നടപടി.
ഇതിന്റെ പ്രാരംഭ നടപടികൾ കോർപ്പറേഷൻ ആരംഭിച്ച് കഴിഞ്ഞു. പുതിയ യൂണിഫോമുകളിലെ ക്യൂആർ കോഡുകളിൽ ഭക്ഷ്യവസ്തുക്കളുടെ മെനു, ഔദ്യോഗിക നിരക്കുകൾ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉണ്ടാകും. ക്രിസ്മസ്-പുതുവത്സര അവധിക്കാലം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും.
വന്ദേഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം. മറ്റ് ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നൽകുക. യൂണിഫോമുകളിലെ ക്യൂആർ കോഡ് വഴി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും അവസരമുണ്ടാകും.
അമിതനിരക്ക് ഈടാക്കുന്നതിനെക്കുറിച്ചുള്ള പരാതികൾക്ക് പരിഹാരം കാണാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുമായി യൂണിഫോമിലെ ക്യൂആർ കോഡിനെ ബന്ധപ്പെടുത്തും. റെയിൽവേയിലെയും ട്രെയിനുകളിലെയും ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട് പ്രതിദിനം ശരാശരി ആയിരത്തോളം പരാതികളാണ് വിവിധ സോണുകളിൽ നിന്ന് ഐആർസിറ്റിസിക്ക് ലഭിക്കുന്നത്.
കുപ്പിവെള്ളത്തിന്റെ നിരക്ക് സംബന്ധിച്ചും സ്വകാര്യ കരാറുകാർ ഏറ്റെടുത്ത് നടത്തുന്ന പാൻട്രി കാർ വഴി നൽകുന്ന ഭക്ഷണത്തിന്റെ അമിത നിരക്കും സംബന്ധിച്ചാണ് 35 മുതൽ 40 ശതമാനം വരെയും പരാതികൾ.
ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ, ശുചിത്വക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ബാക്കിയുള്ളതിൽ ഭൂരിഭാഗവും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പരാതികൾ പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഐആർസിറ്റിസിയുടെ പ്രതീക്ഷ.
Kerala
പരവൂർ: യാത്രക്കൂലി ഇതര വരുമാനങ്ങൾ വർധിപ്പിക്കാൻ റെയിൽവേ പുതിയ മാർഗങ്ങൾ തേടുന്നു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസുകളിലെ മിച്ചമുള്ള സ്ഥലങ്ങൾ ഹോട്ടൽ ഓപ്പറേറ്റർമാർക്ക് പാട്ടത്തിനു നൽകുക, ഓവർ ബ്രിഡ്ജുകളിൽ അനുയോജ്യമായ സ്ഥലങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകുക എന്നിവയിലൂടെ അധിക വരുമാനം നേടാനാണു മന്ത്രാലയം പദ്ധതിയിട്ടിട്ടുള്ളത്.
വർക്ക്ഷോപ്പുകളിലും സ്റ്റേഷനുകളിലും ഉണ്ടാകുന്ന ആക്രി സാധനങ്ങൾ വില്പന നടത്തി വരുമാനം വർധിപ്പിക്കാൻ റെയിൽ മന്ത്രാലയം സോണൽ മേധാവിമാരോടു നിർദേശിച്ച പ്രകാരമുള്ള നടപടികൾ നടന്നുവരികയാണ്.
ചരക്ക് വാഗണുകളുടെ ക്ലീനിംഗ് കരാർ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് രണ്ട് റെയിൽവേ ഡിവിഷനുകളിൽ കരാർ നൽകിക്കഴിഞ്ഞു. ഇത് എല്ലാ ഡിവിഷനുകളിലും അടിയന്തരമായി നടപ്പിലാക്കും.
റെയിൽവേയുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം മൂന്നു ശതമാനം ചരക്ക്- യാത്രാക്കൂലി ഇതര ഇനങ്ങളിൽനിന്നു ലഭിക്കുന്നുവെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തൽ.
എന്നാൽ, വികസിതരാജ്യങ്ങളിൽ ചരക്ക്- യാത്രക്കൂലി ഇതര വരുമാനം 30 ശതമാനത്തിൽ അധികമാണ്. ഈ സാഹചര്യത്തിലാണ് ഈ മേഖലയിൽ ഇതുവരെ ഉപയോഗിക്കാത്ത വരുമാനസാധ്യതകൾ പ്രയോജനപ്പെടുത്താൻ മന്ത്രാലയം തീരുമാനം തീരുമാനിച്ചത്.
National
ന്യൂഡൽഹി: റെയിൽവേയിൽ യാത്രക്കാർക്കു വിളന്പുന്ന മാംസാഹാര വിഭവങ്ങളിൽ ഹലാൽ സർട്ടിഫൈഡ് മാംസം നിർബന്ധമാക്കുന്ന ഔദ്യോഗിക നിയമമോ വ്യവസ്ഥയോ ഇല്ലെന്നു റെയിൽവേ ബോർഡ്.
ട്രെയിനുകളിൽ നൽകുന്ന മാംസാഹാര വിഭവങ്ങളിൽ ഹലാൽ സർട്ടിഫൈഡ് മാംസം മാത്രം ഉപയോഗിക്കുന്നുവെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസിനു മറുപടിയായാണ് റെയിൽവേയുടെ പ്രസ്താവന.
എല്ലാ ഭക്ഷണസേവനങ്ങൾക്കും റെയിൽവേയും ഐആർസിടിസിയും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് റെയിൽവേ ബോർഡ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
Kerala
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ ടൂര്‍ ടൈംസുമായി സഹകരിച്ച് പുതുവര്‍ഷ സ്പെഷല്‍ ട്രെയിന്‍ യാത്ര സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഒമ്പത് ദിവസം നീളുന്ന യാത്ര ഡിസംബര്‍ 27ന് പുറപ്പെടും.
യാത്രയുടെ ഭാഗമായി ഗോവ, മുംബൈ, അജന്താ എല്ലോറ, ലോണവാല ഉള്‍പ്പെടുന്ന രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് കയറാം.
യാത്രയിലുടനീളം ഇന്‍ഷ്വറന്‍സ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകള്‍ കാണാന്‍ പോകുന്നതിനുള്ള വാഹനങ്ങള്‍, ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ എന്നിവ ലഭിക്കും. ഇവ കൂടാതെ രാത്രി താമസം, കാഴ്ചകള്‍ കാണാന്‍ പോകുമ്പോള്‍ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം, എല്‍ടിസി/എല്‍എഫ്സി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് മുംബൈയില്‍ പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്ലീപ്പര്‍ ക്ലാസിന് 20,500 രൂപയും തേര്‍ഡ് എസിക്ക് 29,950 രൂപയും സെക്കന്‍ഡ് എസിക്ക് 37,650 രൂപയും ഫസ്റ്റ് എസിക്ക് 45,600 രൂപയുമാണ് നിരക്കുകള്‍.
2024, 2025 വര്‍ഷങ്ങളില്‍ ടൂര്‍ ടൈംസിന്റെ നേതൃത്വത്തില്‍ 27,475 തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഏകദേശം 2,28,630 കിലോമീറ്ററിലധികം നീളുന്ന യാത്രകള്‍ ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിനും മറ്റും വിവരങ്ങള്‍ക്കും www.tourtimes.in സന്ദര്‍ശിക്കുകയോ 7305 85 85 85 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.
Kerala
പരവൂർ: ട്രെയിൻ യാത്രയിൽ ഉറങ്ങിപ്പോയാൽ യാത്രക്കാരനെ വിളിച്ചുണർത്താൻ സംവിധാനവുമായി റെയിൽവേ. ദീർഘദൂര ട്രെയിനുകളിൽ വിവിധ കാറ്റഗറികളിൽ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ സംവിധാനം
നേരത്തേ തന്നെ പ്രാബല്യത്തിലുള്ള ഈ സംവിധാനം അധികം ആർക്കും അറിയില്ലെന്നതാണ് യാഥാർഥ്യം. പുലർച്ചെ മൂന്നിന് നിങ്ങൾക്ക് നിർദിഷ്ട സ്റ്റേഷനിൽ എത്തണം. വണ്ടി കൃത്യസമയത്ത് എത്തു മോ? ഉറങ്ങിപ്പോയാൽ സ്റ്റേഷൻ മിസ് ആകുമാ? ഇത്തരം ആശങ്കകൾ ഒന്നും ഇനി യാത്രക്കാർക്ക് വേണ്ട. റെയിൽവ തന്നെ നിങ്ങളെ ഇറങ്ങേണ്ട സ്റ്റേഷൻ എത്താറാകും മുമ്പ് കൃത്യമായി വിളിച്ചുണർത്തും.
രാത്രി യാത്രക്കാരിൽ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഏറ്റവും വലിയ ടെൻഷൻ ആണ് കണ്ണ് തുറക്കുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞു പോയിട്ടുണ്ടാകും എന്നത്. ഇതിന് പരിഹാരമായി ഇന്ത്യൻ റെയിൽവേയുടെ ഹെൽപ്പ് ലൈൻ ടോൾഫ്രീ നമ്പരായ 139 ൽ ഒരു "ഡെസ്റ്റിനേഷൻ അലർട്ട്’ എന്ന സംവിധാനമുണ്ട്. യാത്രക്കാരന് ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിന് 30 മിനിറ്റ് മുമ്പ് അവരുടെ ഫോണിലേക്ക് ഒരു ഓട്ടോമേറ്റഡ് വേക്കപ്പ് കോൾ വരുന്ന സംവിധാനമാണിത്.
ഇത് യാത്രക്കാരന് നിഷ്പ്രയാസം ആക്ടിവേറ്റ് ചെയ്യാം. ആദ്യം 139 എന്ന നമ്പരിലേക്ക് വിളിക്കുക. തുടർന്ന് മെനുവിൽ നിന്ന് ഡെസ്റ്റിനേഷൻ അലർട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക. സാധാരണയായി ഏഴ് ആണ് ഡെസ്റ്റിനേഷൻ ഓപ്ഷൻ നമ്പർ. തുടർന്ന് നിങ്ങളുടെ യാത്രാ ടിക്കറ്റിന്റെ പത്ത് അക്ക നമ്പർ നൽകി സ്ഥിരീകരിച്ചാൽ മാത്രം മതി. ഇത് കൂടാതെ എസ്എംഎസ് വഴി അലർട്ട് <പിഎൻആർ നമ്പർ> എന്ന് ടൈപ്പ് ചെയ്ത് 139 ലേക്ക് സന്ദേശം അയച്ചും ഈ സേവനം ആക്ടിവേറ്റ് ആക്കാം.
ഈ രണ്ട് രീതികളിൽ ഏതെങ്കിലും ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാൽ നിങ്ങളൾക്ക് ഇറണ്ടേണ്ട സ്റ്റേഷൻ എത്തുന്നതിന് 30 മിനിറ്റ് മുമ്പ് ഫോണിലേക്ക് ഓട്ടോമേറ്റഡ് കോൾ വരും. നിങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്താറായി എന്നതാണ് അതിലെ ശബ്ദ സന്ദേശം. അതോടെ ഇറങ്ങേണ്ടതിനുള്ള തയാറാടുപ്പുകൾ യാത്രക്കാരന് സാവകാശവും ലഭിക്കും.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും പ്രായമായവർക്കും പുലർച്ചെ വിവിധ സ്റ്റേഷനുകളിൽ ഇറങ്ങേണ്ടവർക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിറ്റിസി) അധികൃതർ വ്യക്തമാക്കി.
CAREER DEEPIKA
ഉത്തർപ്രദേശിലെ ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ വിവിധ വർക്ഷോപ്/യൂണിറ്റുകളിൽ അപ്രന്റിസ് അവസരം. 1104 ഒഴിവ്. പരിശീലനം ഒരു വർഷം. ഓൺലൈൻ അപേക്ഷ നവംബർ 15 വരെ.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷൻ, കാർപെന്റർ, പെയിന്റർ, മെഷീനിസ്റ്റ്, ടർണർ, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്. യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം. തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി, ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. ഫീസ്: 100. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
www.ner.indianrailways.gov.in
CAREER DEEPIKA
സൗത്ത് സെൻട്രൽ റെയിൽവേയുടെ തെലുങ്കാനയിലെ സെക്കന്ദരാബാദ് ഹെഡ്ക്വാർട്ടേഴ്സിലും സോണൽ ഡിവിഷനുകളിലുമായി കായികതാരങ്ങൾക്ക് 61 ഒഴിവ്. നവംബർ 24വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.scr.indianrailways.gov.in
ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഈസ്റ്റേൺ റെയിൽവേക്കു കീഴിൽ സ്പോർട്സ് ക്വാട്ടയിൽ കായികതാരങ്ങൾക്ക് 49 ഒഴിവ്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളാണ്. നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്: www.ner. indianrailways.gov.in
കർണാടകയിലെ ഹൂബ്ലി ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കു കീഴിൽ സ്പോർട്സ് ക്വോട്ടയിൽ കായികതാരങ്ങൾക്ക് 46 ഒഴിവ്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളാണ്. നവംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
സൗത്ത് വെസ്റ്റേൺ റെയിൽവേയിലും റെയിൽ വീൽ ഫാക്ടറിയിലും സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വോട്ടയിൽ കായികതാരങ്ങൾക്ക് 11 ഒഴിവ്. www.rrchubli.in
CAREER DEEPIKA
റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ (എൻടിപിസി) ഗ്രാജ്വേറ്റ് തസ്തികകളിലെ 5810 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദ വിജ്ഞാപനം റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്വേറ്റ് തസ്തികകളിൽ 58 ഒഴിവുണ്ട്. അണ്ടർ ഗ്രാജ്വേറ്റ് തസ്തികകളിലെ ഒഴിവുകളിൽ വിശദ വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബർ 20.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പർ: 06/ 2025
ഗ്രാജ്വേറ്റ് തസ്തികകൾ, ഒഴിവ്, യോഗ്യത
ചീഫ് കൊമേഴ്സ്യൽ ക്ലർക്ക് കം ടിക്കറ്റ് സൂപ്പർ വൈസർ (161): ബിരുദം/ തത്തുല്യം 35,400. സ്റ്റേഷൻ മാസ്റ്റർ (615): ബിരുദം/ തത്തുല്യം: 35,400. ഗുഡ്സ് ട്രെയ്ൻ മാനേജർ (3416): ബിരുദം/തത്തുല്യം: 29,200.
ട്രാഫിക് അസിസ്റ്റന്റ് (59): ബിരുദം തത്തുല്യം 25,500.
ജൂണിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (921): ബിരുദം/ തത്തുല്യം. ഇംഗ്ലീഷ് /ഹിന്ദി കംപ്യൂട്ടർ ടൈപ്പിംഗ് അറിവ്, 29,200. സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് (638): ബിരുദം/ തത്തുല്യം. ഇംഗ്ലീഷ്/ ഹിന്ദി കംപ്യൂട്ടർ ടൈപ്പിംഗ് അറിവ്: 29,200. പ്രായം:18-33.
ഫീസ്: 500. ഒന്നാം ഘട്ട സിബിടിക്കു ഹാജരാകുന്നവർക്കു 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി. ഒന്നാം ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപയും തിരികെ നൽകും. ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും. ഓൺലൈനായി ഫീസടയ്ക്കണം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന.
പ്രധാന വെബ്സൈറ്റുകൾ
തിരുവനന്തപുരം: www.rrbthiruvananthapuram.gov.in, ബംഗളൂരു: www.rrbbnc.gov.in, ചെന്നൈ: www.rrbchennai.gov.in
District News
തിരുവല്ല: കോട്ടയം - കായംകുളം ഇരട്ടപ്പാതയിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും മധ്യേ റെയിൽവേ സ്ഥാപിച്ച അടിപ്പാതകൾ ബാധ്യതയായി മാറുന്നു. അടിപ്പാതയിലെ വെള്ളക്കെട്ടാണ് അടിക്കടി പ്രശ്നമായി മാറുന്നത്. കുറ്റൂർ, ഇരുവെള്ളിപ്ര, തൈമറവുംകര അടിപ്പാതകളാണ് മഴ ശക്തമായാൽ അടച്ചിടേണ്ടിവരുന്നത്. യാത്ര സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അടിപ്പാതകൾ മഴക്കാലത്ത് അടച്ചിടേണ്ടി വരുന്ന സാഹചര്യം പ്രദേശവാസികൾക്ക് ചില്ലറ ബുദ്ധിമുട്ടുകളല്ല സൃഷ്ടിക്കുന്നത്.
മുന്‍പ് റെയിൽവേ ഗേറ്റ് ആയിരുന്നപ്പോൾ ട്രെയിൻ കടന്നു പോകുന്പോൾ മാത്രം അടച്ചിട്ടാൽ മതിയായിരുന്നു. എന്നാലിപ്പോൾ മഴക്കാലത്ത് പൂർണമായി പാത അടച്ചിടേണ്ട സാഹചര്യമാണ്. വെള്ളക്കെട്ട് പരിഹരിക്കാൻ ഇതിനോടകം നിരവധി പരീക്ഷണങ്ങൾ റെയിൽവേ നടത്തി.അടിപ്പാതയ്ക്ക് പുറത്തായി വലിയ കിണറുകൾ സ്ഥാപിച്ച് അടിപ്പാതയ്ക്ക് ഉള്ളിലെ വെള്ളം ഓട വഴി ഈ കിണറുകളിലേക്ക് എത്തിച്ച് ഈ കിണറ്റിൽ നിന്നും വെള്ളം പുറത്തേക്ക് അടിച്ചു കളയുന്ന പുതിയ പരീക്ഷണമാണ് ഇപ്പോൾ നടത്തുന്നത്.
നിർമാണഘട്ടത്തിലെ സാങ്കേതിക പിഴവുകളാണ് അടിപ്പാതയിലെ വെള്ളക്കെട്ടിനു കാരണമാകുന്നതെന്ന ആക്ഷേപമുണ്ട്. അടിപ്പാതയിൽ വെള്ളം കയറാതിരിക്കാനായി അലൂമിനിയം റൂഫിംഗ്, ഓടകൾ, വൺസൈഡ് വാൽവുകൾ, റോഡിന് കുറുകെ ഇരുമ്പ് കവേർഡ് ഡ്രെയിനേജ്, വെള്ളം വറ്റിക്കുന്നതിനൂള്ള മോട്ടോർ പമ്പ് സ്ഥാപിക്കൽ, വെള്ളം അടിപ്പാതയിൽ ഉയർന്നാൽ വാഹനങ്ങൾ കടന്നുപോകാതിരിക്കാനായി ഗേറ്റ് സ്ഥാപിക്കൽ തുടങ്ങിയവ നടത്തിയിരുന്നു.
ആറുമാസം മുമ്പ് അടിപ്പാതയുടെ തറയുടെ കോൺക്രീറ്റുകൾ ഇളക്കി കമ്പികൾ നിരത്തി വാട്ടർപ്രൂഫ് കോൺക്രീറ്റ് ചെയ്യുകയും കാറുകൾ ഉൾപ്പെടെ കടന്നു പോകുന്നതിനായി അടിപ്പാതയുടെ വശത്തുള്ള ഫുട്പാത്തിന്റെ വീതി കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പ്രശ്ന പരിഹാരമായിട്ടില്ല.
നിർദേശങ്ങളുമായി നാട്ടുകാർ
വെള്ളപ്പൊക്ക സമയത്ത് കാവൽക്കാരെ നിയമിച്ചാണ് യാത്രക്കാരെ നിയന്ത്രിക്കുന്നത്. വെള്ളപ്പൊക്ക സമയത്ത് പഴയ ലെവൽ ക്രോസുകൾ പ്രയോജനപ്പെടുത്തി ഇതുവഴി ഈ സമയങ്ങളിൽ ഗതാഗത സംവിധാനം താത്കാലികമായി ഉപയോഗപ്പെടുത്താമെന്ന് നാട്ടുകാർ പറയുന്നു.
റെയിൽവേ അടിപ്പാതയിലേക്ക് വെള്ളം കയറി വരാൻ സാധ്യതയുള്ള ഭാഗം ശക്തമായി ബലപ്പെടുത്തുകയും വെള്ളം ഒഴിഞ്ഞുമാറേണ്ട ചാലുകൾ വൃത്തിയാക്കി ചെറിയ ഷട്ടറുകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാമെന്ന് പൊതുപ്രവർത്തകനായ വി.ആർ. രാജേഷ് പറഞ്ഞു.
അടിപ്പാതയിലെ കോൺക്രീറ്റ് ബോക്സുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അഞ്ച് അടി ഉയർത്തിയാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന നിർദേശവുമുണ്ട്. മേൽപാലം നിർമിക്കണമെന്ന ആവശ്യങ്ങളടക്കം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്.
District News
കോഴിക്കോട്: മലബാര്‍ മേഖലയില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെപി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ജില്ല ഭാരവാഹികള്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി വി. സോമണ്ണയ്ക്ക് നിവേദനം നല്കി. കണ്ണൂര്‍ യശ്വന്തപുര ട്രെയിന്‍ കോഴിക്കോട് വരെ നീട്ടേണ്ടതിന്റെയും മംഗലാപുരം -രാമേശ്വരം ട്രെയിനിന്റെയും ആവശ്യകത റെയില്‍വേ സഹമന്ത്രിയെ ധരിപ്പിച്ചു.
ഉചിതമായ നടപടി എടുക്കുമെന്നും ഷൊര്‍ണുര്‍ മുതല്‍ കണ്ണൂര്‍ വരെ വൈകുന്നേരത്തെ യാത്രാപ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി. ഗോവ-മംഗലാപുരം വന്ദേ ഭാരത് കോഴിക്കോടുവരെ നീട്ടാനാവുമോ എന്ന കാര്യം പരിഗണനയിലാണെന്നും അല്ലാത്തപക്ഷം കോഴിക്കോടിനെ ബന്ധിപ്പിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
STHREEDHANAM
കുട്ടിക്കാലത്ത് തന്റെ വീടിനടുത്തുകൂടി പാഞ്ഞു പോകുന്ന ട്രെയിനുകൾ സുരേഖ എന്ന കൊച്ചു കുട്ടി കൗതുകത്തോടെ നോക്കി നിന്നിരുന്നു. എന്നെങ്കിലും അതൊന്ന് ഓടിക്കാൻ കിട്ടുമോ എന്ന് അവളുടെ കുഞ്ഞുമനസിൽ ഒരു മോഹം തോന്നിയിരിക്കാം.
അതുകൊണ്ടാണല്ലോ ഏഷ്യയിലെ ആദ്യത്തെ വനിത ട്രെയിൻ ഡ്രൈവറായി സുരേഖ യാദവ് റെയിൽവേയുടെ ചരിത്രത്തിൽ തന്റെ പേര് അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യയിൽ അങ്ങോളമിങ്ങോളം ട്രെയിനുകൾ ഓടിച്ചത്.
ഈ വരുന്ന മുപ്പതിന് ഇന്ത്യൻ റെയിൽവേയുടെ പടിയിറങ്ങുമ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വഴി തുറന്ന ഒരു ചരിത്ര വനിതയാണ് ഇന്ത്യൻ റെയിൽവേയുടെ ലോക്കോ പൈലറ്റിന്റെ ലോക്കോ മോട്ടീവ് ക്യാബിനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്നത്.
മഹാരാഷ്്ട്രയിലെ സത്താറയിലാണ് സുരേഖ ജനിച്ചത്. സാത്ത് താര ആണ് പിന്നീട് സത്താറ എന്നറിയപ്പെട്ടത്. സാത്ത് താര എന്നാൽ ഏഴു നക്ഷത്രങ്ങൾ എന്നർഥം. അവിടെ ജനിച്ച സുരേഖ പിന്നെ എങ്ങനെ താരമാകാതിരിക്കും. പഠിക്കാൻ മിടുക്കിയായിരുന്നു സുരേഖ.
കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ ആരാകാനാണ് ആഗ്രഹം എന്ന് ടീച്ചർ ചോദിച്ചപ്പോൾ എനിക്ക് ട്രെയിൻ ഓടിക്കണം ടീച്ചർ എന്നൊരു പക്ഷേ കൊച്ചു സുരേഖ പറഞ്ഞിട്ടുണ്ടാകാം.
എന്നാൽ സുരേഖ അത് ഓർക്കുന്നില്ല. ലോക്കോ പൈലറ്റിന്റെ ട്രാക്കിലേക്ക് ഒരു കൗതുകത്തോടെ കടന്നുവന്നു എന്നാണ് സുരേഖ പറയുന്നത്. തികച്ചും യാദൃശ്ചികമായാണ് റെയിൽവേയുടെ ലോക്കോ പൈലറ്റ് പരീക്ഷ സുരേഖ എഴുതുന്നത്.
കറാഡിലെ ഗവ. പോളിടെക്നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം ആയിരുന്നു ഈ പരീക്ഷ എഴുത്ത്. അതിൽ വിജയിച്ചു വൈവ വിജയിച്ചു സുരേഖയ്ക്ക് പോസ്റ്റിംഗ് ഓർഡർ ആയി.
ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റിന്റെ ജോലി ലഭിച്ചതോടെ ആദ്യം ടെൻഷനായി. സ്ത്രീകൾ ഇന്നേവരെ കടന്നു വന്നിട്ടില്ലാത്ത ഒരു ഫീൽഡ് ആണ് എന്നത് തന്നെയായിരുന്നു ടെൻഷന്റെ ഒരു കാരണം.
ഈ ജോലി തനിക്ക് പറ്റുമോ എന്ന ആശങ്ക മറ്റൊരു ട്രാക്കിൽ. എന്നാൽ നിനക്ക് ഇത് പറ്റുമെന്നും നീ എന്തായാലും ജോയിൻ ചെയ്യണമെന്നും വീട്ടുകാർ ഒന്നടങ്കം പച്ചക്കൊടി വീശി ശുഭയാത്ര നേർന്നതോടെ ടെൻഷന്റേയും സംശയങ്ങളുടെയും പ്ലാറ്റ്ഫോമിൽ നിന്ന് ലോക്കോ മോട്ടീവ് ക്യാബിനിലേക്ക് ദൃഢനിശ്ചയത്തോടെ സുരേഖ എന്ന പെൺകുട്ടി കയറി.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രം ഇന്ന് പരിശോധിക്കുമ്പോൾ സുരേഖയ്ക്ക് പിന്നാലെ ആയി 1,500 ഓളം വനിതാ ലോക്കോ പൈലറ്റ് മാരാണ് ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾ ഓടിക്കുന്നത്. അവർക്ക് വഴികാട്ടി സുരേഖ ദീദിയാണ്.
അവർക്ക് ധൈര്യവും പ്രോത്സാഹനവും മാതൃകയും സുരേഖ ദീദി തന്നെ. നീണ്ട 36 വർഷത്തെ സേവനം സുരേഖ അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ അവർ തുറന്നിട്ട വഴിയിലൂടെ ഇത്രയേറെ വനിതകൾ അവർ തുറന്നിട്ട വഴിയിലൂടെ വന്നുചേർന്നു എന്നത് ചെറിയ കാര്യമല്ല.
തന്റെ 36 വർഷത്തെ ലോക്കോ പൈലറ്റ് ജീവിതത്തിൽ സുരേഖ ഒരുവിധം എല്ലാ ടൈപ്പ് ട്രെയിനുകളും ഓടിച്ചിട്ടുണ്ട്. ചരക്ക് ട്രെയിനുകള്‍ മുതല്‍ സബര്‍ബന്‍ ലോക്കലുകള്‍ വരെയും, സാധാരണ ദീര്‍ഘദൂര ട്രെയിനുകള്‍ മുതല്‍ രാജധാനി, വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകള്‍ വരെയും സുരേഖയുടെ കൈപ്പിടിയിൽ ഭദ്രമായി ഇന്ത്യൻ റെയിൽവേ ട്രാക്കുകളിലൂടെ ഓടിയിട്ടുണ്ട്.
1989-ല്‍ അസിസ്റ്റന്റ് ഡ്രൈവറായി കരിയര്‍ ആരംഭിച്ച അവര്‍ 1996-ല്‍ ഗുഡ്സ് ഡ്രൈവറായും 2000-ത്തില്‍ മോട്ടോര്‍ വുമണായും ഉയര്‍ന്നു. ഒരു കൗതുകത്തിന് റെയിൽവേയുടെ പരീക്ഷയെഴുതി നേടിയെടുത്ത ലോക്കോ പൈലറ്റിന്റെ ജോലി പിന്നീട് സുരേഖയുടെ ജീവനും ജീവിതവുമായി.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഈ സാന്പത്തികവർഷം അവസാനിക്കുന്പോൾ 50000 ത്തിലധികം ഉദ്യോഗാർഥികൾക്കു നിയമനം നൽകാൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിനെ (ആർആർബി) പ്രാപ്തമാക്കുമെന്ന് റെയിൽവേ.
സാന്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിട്ടപ്പോൾ 9000 ലധികം നിയമനങ്ങൾ ആർആർബി നൽകിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ റെയിൽവേ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബർ മുതൽ റെയിൽവേയുടെ ഏഴു വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 55197 ഒഴിവുകളിലേക്ക് 1.86 കോടിയിലധികം ഉദ്യോഗാർഥികൾ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) എഴുതി. റിക്രൂട്ട്മെന്റ് പരീക്ഷയുടെ സമഗ്രത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചശേഷമാണു പരീക്ഷാനടപടികളിലേക്കു റെയിൽവേ കടന്നത്. ആൾമാറാട്ടം ഒഴിവാക്കുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കോപ്പിയടി ഒഴിവാക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും റെയിൽവേ അറിയിച്ചു. കൂടാതെ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക മുൻഗണനകളോടെ താമസസ്ഥലത്തോടു ചേർന്ന് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. ഒഴിവുകൾ നികത്തുന്നതിന് കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ ആർആർബി സ്വീകരിച്ചു. 2026- 2027 സാന്പത്തിക വർഷത്തേക്ക് 50000 അധിക നിയമനങ്ങൾ നടത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും റെയിൽവേ അറിയിച്ചു. എന്നാൽ ഇക്കാര്യങ്ങൾ എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ച് റെയിൽവേ വ്യക്തമാക്കിയിട്ടില്ല.
District News
വേളാങ്കണ്ണി ട്രെയിന്‍ എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ സാധ്യത
ചങ്ങനാശേരി: മലബാറില്‍നിന്നും മധ്യകേരളത്തിലേക്ക് ഏറ്റവും അധികം യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്ന നിലമ്പൂര്‍ റോഡ് കോട്ടയം എക്സ്പ്രസ് കൊല്ലം വഴി പുനലൂരിലേക്ക് സര്‍വീസ് നീട്ടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന് ഡയറക്ടറെയും നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു.
ഈ ട്രെയില്‍ ആരംഭിച്ചാല്‍ ഈ വഴി രാത്രികാലങ്ങളില്‍ ട്രെയിനില്ലെന്നുള്ള പ്രശ്നത്തിനു പരിഹാരമാകും. ട്രെയിന്‍ പുനലൂരിലേക്ക് നീട്ടുന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡില്‍ നിന്നും ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം രാത്രിയില്‍ ഈ റൂട്ടില്‍ ഏര്‍പ്പെടുത്തുന്ന ഫിക്സഡ് ടൈം കോറിഡോര്‍ ബ്ലോക്ക് നിലമ്പൂര്‍ റോഡ് കോട്ടയം എക്സ്പ്രസ് പുനലൂരിലേക്ക് നീട്ടുന്നതിന് ആവശ്യമായ തരത്തില്‍ ക്രമീകരിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വേളാങ്കണ്ണി ട്രെയിന്‍ എല്ലാദിവസവും
നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന തരത്തില്‍ ഡെയ്ലി എക്സ്പ്രസായി മാറ്റണമെന്ന ആവശ്യത്തിലും റെയില്‍വേ മന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂല നിലപാടാണെന്ന് എംപി പറഞ്ഞു.
നേരത്തെ ഇതു സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നതായും എംപി പറഞ്ഞു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന റേക്ക് കാലപ്പഴക്കം മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതിനാല് ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുതിയ കോച്ചുകളും ലഭ്യമാക്കിയിട്ടുണ്ട്.
മധുര ഡിവിഷന്റെ പരിധിയിലുള്ള റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകുന്നതോടുകൂടി വേളാങ്കണ്ണി എക്സ്പ്രസ് 22 കോച്ചുകള്‍ ഉള്ള ട്രെയിനായി ഉയര്‍ത്താമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
നേരത്തെ മീറ്റര്‍ ഗേജ് പാതയുടെ കാലത്ത് സര്‍വീസ് നടത്തിയിരുന്ന കൊല്ലം-കോയമ്പത്തൂര്‍ ട്രെയിനിന് പകരമായി പ്ലാറ്റ്ഫോം ലഭ്യതയുള്ള കോട്ടയത്തനിന്നും സര്‍വീസ് ആരംഭിച്ച് കൊല്ലം, പുനലൂര്‍, മധുര, പളനി വഴി ഈറോഡിലേക്ക് പുതിയ എക്സ്പ്രസ് ട്രെയിന്‍ എന്ന ആവശ്യവും റെയില്‍വേ മന്ത്രിയും ബോര്‍ഡും അംഗീകരിച്ചു.
ഈ സര്‍വീസ് ആരംഭിക്കുന്നതോടുകൂടി മധ്യകേരളത്തില്‍നിന്നും മധുര, പളനി തുടങ്ങിയ ക്ഷേത്രങ്ങിലേക്ക് ചുരുങ്ങിയ ചെലവില്‍ തീര്‍ഥാടകര്‍ക്ക് എത്താന്‍ ആകും. കോയമ്പത്തൂരില്‍ പ്ലാറ്റ്ഫോം ലഭ്യമല്ലാത്തതിനാലാണ് ഈറോഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്.
മെമുവിൽ കോച്ചുകള്‍ വര്‍ധിപ്പിക്കും
കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം എട്ടെണ്ണം മാത്രമാണ്. വലിയ തിരക്കുള്ള ഈ ട്രെയിനുകളില്‍ എട്ടു കോച്ചുകള്‍ എന്നുള്ളത് സ്ഥിരം യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇതിന് പരിഹാരമായി നിലവില്‍ എട്ടു കോച്ചുള്ള മെമു ട്രെയിനുകള്‍ 12 കോച്ചുകളായും 12 കോച്ചുകള്‍ ഉള്ളവ 16 കോച്ചുള്ള ട്രെയിനുകളായി ഉയര്‍ത്താമെന്നും എംപിയുടെ ആവശ്യത്തിൽ മന്ത്രി ഉറപ്പു നല്കി.
ചെന്നൈ എഗ്മൂര്‍ സ്റ്റേഷനിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കോട്ടയത്ത് നിന്നും കൊല്ലം വഴി താമ്പരത്തേക്ക് പുതിയ എസി വീക്കിലി എക്സ്പ്രസ് ട്രെയിന്‍ ആരംഭിക്കണമെന്നുള്ള ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി എംപി പറഞ്ഞു.
പാര്‍ക്കിംഗ് ഫീസ് വര്‍ധന കുറയ്ക്കണം
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തിരുവനന്തപുരം ഡിവിഷനില്‍ അനിയന്ത്രിതമായി ഉയര്‍ത്തിയ പാര്‍ക്കിംഗ് ഫീവര്ധനവ് പുനഃപരിശോധിക്കണമെന്നും നിലവിലെ വര്‍ധനവ് സ്ഥിരംയാത്രക്കാര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ ഓഫീസില്‍നിന്നും തിരുവനന്തപുരം ഡിവിഷന് ജനറല്‍ മാനേജര്രോട് മന്ത്രിയുടെ ഓഫീസ് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും എംപി പറഞ്ഞു.
District News
ചങ്ങനാശേരി: ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച പാര്‍ക്കിംഗ് ഫീസ് വര്‍ധന ഉടന്‍ പിന്‍വലിക്കുമെന്ന് റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞയാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്ക്കണ്ടിരുന്നതായും വര്‍ധിപ്പിച്ച റെയില്‍വേ പാര്‍ക്കിംഗ് ഫീസ് അടിയന്തരമായി കുറയ്ക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും വിഷയത്തില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും എംപി അറിയിച്ചു.
റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നേരത്തെ രേഖാമൂലം ഉറപ്പു ലഭിച്ച തിരുവനന്തപുരം ബംഗളൂരു എസ്എംവിടി വന്ദേഭാരത് സ്ലീപ്പര്‍, കൊല്ലം-ഈറോഡ് എക്സ്പ്രസ്, കൊല്ലം-തിരിച്ചെന്തൂര്‍ മെമു എന്നീ സര്‍വീസുകള്‍ അടിയന്തരമായി ആരംഭിക്കണമെന്നും കോട്ടയത്തു നിന്നാരംഭിച്ച് രാമേശ്വരം വരെ പോകാന്‍ കഴിയുന്ന തരത്തില്‍ പുതിയ ട്രെയിനും കന്യാകുമാരിയില്‍നിന്ന് കോട്ടയം വഴി കൊങ്കണ്‍ റൂട്ടിലൂടെ ന്യൂഡല്‍ഹിയിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലമ്പൂരില്‍നിന്നും കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിന്‍ ചാലിയാര്‍ എക്സ്പ്രസ് എന്ന പേരില്‍ പുനലൂരിലേക്ക് സര്‍വീസ് നീട്ടണമെന്നും മന്ത്രിക്ക് എംപി നിവേദനം നല്കി.
TRAVEL
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ, സ്ലീപ്പർ ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഒഴിവുള്ള എസി കോച്ചുകളിലേക്ക് ഓട്ടോ അപ്ഗ്രേഡ് സൗകര്യം ലഭിക്കും. തേർഡ് എസി കമ്പാർട്ടുമെന്റുകളിലേക്കാണ് പ്രധാനമായും ഈ സൗകര്യം ലഭിക്കുക. പോക്കറ്റ് കീറാതെ എസി യാത്ര ആസ്വദിക്കാൻ സാധിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.
ഈ സൗകര്യം 2006-ൽ അവതരിപ്പിച്ചിരുന്നെങ്കിലും, അന്ന് ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു. എന്നാൽ പുതിയ നയമനുസരിച്ച് അധിക പണം നൽകാതെ തന്നെ ഈ സൗകര്യം ലഭ്യമാകും. ഇത് ട്രെയിൻ യാത്രകളെ കൂടുതൽ ആകർഷകമാക്കുകയും, യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഗുണകരമാകും.
യാത്രക്കാർക്ക് അവസാന നിമിഷം വരെ കൺഫർമേഷൻ സ്റ്റാറ്റസിനായി കാത്തിരിക്കേണ്ടതില്ലെന്നതും ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം യാത്രക്കാരെ കൂടുതൽ ആകർഷിക്കുകയും, റെയിൽവേ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.